ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
വള്ളങ്ങളുടെ നാട്, വെള്ളത്തിന്റെ നാട് എന്ന പേരിലറിയപ്പെടുന്ന കുട്ടനാട്ടിലെ ഒരു ഗ്രാമമാണ് രാമങ്കരി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രാമങ്കരിയും കുട്ടനാട് പ്രദേശവും മുഴുവനായും വനനിബിഡമായിരുന്നു എന്നും കടലിന്റെ പിന്മാറ്റത്തോടുകൂടിയാണ് ഇവിടം വനപ്രദേശമായി മാറിയത് എന്നും പറയപ്പെടുന്നു. പ്രകൃതിക്ഷോഭത്താല്‍ നിരവധി ജീവജാലങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രകൃതി സമ്പത്തും മണ്ണിനടിയില്‍ ആകുകയും ചെയ്തു. മേല്‍മണ്ണിനടിയില്‍ കാണുന്ന കരിപുരണ്ട അവശിഷ്ടങ്ങള്‍ ഇതിനൊരു തെളിവായി പറയപ്പെടുന്നു. കരിനിലങ്ങളുമായി ബന്ധപ്പെട്ടാണ് കരിയില്‍ അവസാനിക്കുന്ന പേരുകള്‍ കുട്ടനാട്ടില്‍ പലയിടത്തും ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായാണ് രാമങ്കരിയും ഉണ്ടായതെന്ന് കരുതപ്പെടുന്നു. ചരിത്രപ്രസിദ്ധമായ പമ്പാനദിയുടെ കൈവഴികളും അതിന്റെ ഉപശാഖകളും നാട്ടുതോടുകളും കൊണ്ട് അനുഗ്രഹീതമാണ് പഞ്ചായത്ത്. കരിയില്‍ അവസാനിക്കുന്ന ഏറ്റവും കൂടുതല്‍ കരയുള്ള പഞ്ചായത്താണ് രാമങ്കരി. തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാലരാമവര്‍മ്മ തമ്പുരാന് ചില കുടംബങ്ങള്‍ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്നതായി പറയപ്പെടുന്നു. അക്കൂട്ടത്തില്‍പ്പെടുന്ന ഒരു കുടുംബമായിരുന്നു മാമ്പുഴക്കരിയിലെ വലിയവീട്. ആയോധനകലകളും നാടന്‍ കളരികളും ഒരു കാലത്ത് ഗ്രാമത്തില്‍ ധാരാളം ഉണ്ടായിരുന്നു. സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളായി നിരവധി ക്ഷേത്രങ്ങളും പള്ളികളും ഗ്രാമത്തിന്റെ വിവിധ വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്നു. ക്രിസ്തീയ ദേവാലങ്ങളായ പുതുക്കരി സെന്റ് സേവ്യേഴ്സ് ചര്‍ച്ച്, വേഴപ്ര സെന്റ് പോള്‍സ് ചര്‍ച്ച്, മാമ്പുഴക്കരി ലൂര്‍ദ്ദ്മാതാ ചര്‍ച്ച്, പള്ളിക്കൂടുമ്മ ഫാത്തിമാമാതാ ചര്‍ച്ച്, മണലാടി സെന്റ് മേരീസ് ചര്‍ച്ച് എന്നിവയും കൂടാതെ യാക്കോബായ സമുദായത്തിന്റെ ഏക ദേവാലയമായ സെന്റ് ജോര്‍ജ്ജ് പളളിയും ഗ്രാമത്തിലുണ്ട്. സാല്‍വേഷന്‍ ആര്‍മി, പന്തക്കോസ്തുമിഷന്, മാര്‍ത്തോമ്മാ സഭ എന്നിവയുടെ പ്രവര്‍ത്തനവും ആരാധനയും നടന്നുവരുന്നു. വേഴപ്രപള്ളി സ്ഥാപിതമായത് 1899 ധനു മാസം നാലാം തീയതിയാണ്. പുതുക്കരി പള്ളിയാണ് ക്രിസ്തീയദേവാലയങ്ങളില്‍ ഏറ്റവും പഴക്കം ചെന്നത്. ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടവ ഊരിക്കരി ധര്‍മ്മശാസ്താക്ഷേത്രവും വേഴപ്ര മേജര്‍ ഭഗവതി ക്ഷേത്രവും രാമങ്കരി ധര്‍മ്മശാസ്താക്ഷേത്രവും കുന്നങ്കരിക്കളം ഭഗവതിക്ഷേത്രവും മണലാടി ക്ഷേത്രവും അഞ്ചീശ്വരക്ഷേത്രവും കൂടാതെ കുടുംബക്ഷേത്രങ്ങളായ മുളപ്പാമടവും വേഴപ്ര ശക്തിപറമ്പ് ക്ഷേത്രവുമാണ്. ഇതില്‍ ഏറ്റവും പഴക്കമുള്ള ക്ഷേത്രം ഊരിക്കരി ധര്‍മ്മശാസ്താ ക്ഷേത്രമാണ്. നിരവധി ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്ഷേത്രത്തോടനുബന്ധിച്ച് നടന്നിട്ടുള്ളതായി കാണാം. പണ്ടു കാലത്ത് ഉത്സവത്തോടനുബന്ധിച്ച് വില്ലുപൂട്ട് എന്നൊരു ചടങ്ങ് വളരെ പ്രസിദ്ധമായിരുന്നു.